Parappur Thrissur

Parappur, Thrissur, 680552
Parappur Thrissur Parappur Thrissur is one of the popular Locality located in Parappur ,Thrissur listed under Community organization in Thrissur ,

Contact Details & Working Hours

More about Parappur Thrissur

സാമൂഹ്യ-സാംസ്കാരികചരിത്രം
നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ചിറ്റിലപ്പള്ളി ആസ്ഥാനമായി നാടുവാണിരുന്ന തലപ്പിള്ളിരാജവംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു തോളൂര്‍ പഞ്ചായത്തുപ്രദേശം. പിന്നീട് മണക്കുളം, കക്കാട്, പുന്നത്തൂര്‍, ചിറളയം എന്നീ നാലു താവഴികളിലായി പിരിഞ്ഞതില്‍ പുന്നത്തൂരിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ബ്രാഹ്മണരുടെയും നാടുവാഴികളുടെയും ജന്മികളുടെയും ഭരണവ്യവസ്ഥ ഉണ്ടായിരുന്ന കാലത്തിന്റെ അവശിഷ്ടങ്ങളായക്ഷേത്രങ്ങളും കുളങ്ങളും ഒരു വള്ളക്കടവും ഇവിടെ ഇപ്പോഴുമുണ്ട്.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പുന്നത്തൂര്‍ കോട്ട തകര്‍ന്നങ്കിലും പുന്നത്തൂരിന്റെ അധീശത്വമുള്ള വഴിയില്‍ ശേഖവന്‍കാവ് ക്ഷേത്രം ഇന്നും നിലനില്‍ക്കുന്നു. തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രം ആദ്യകാലത്ത് തോളൂര്‍ ഗ്രാമപഞ്ചായത്തിലെ എടക്കളത്തൂരില്‍ ആയിരുന്നുവെന്നു പറയപ്പെടുന്നു.

ക്ഷേത്രാവശിഷ്ടങ്ങളും വിസ്തൃതമായ ക്ഷേത്രകുളവും ഇന്നും ഉണ്ട്. കണ്ണന്‍ചിറ എന്നത് ലോപിച്ച് കണ്ടന്‍ചിറ എന്ന പേരിലാണ് കുളം ഇന്നറിയപ്പെടുന്നത്. കേരളത്തിലെ ആദിബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന ആഴുവാഞ്ചരിക്കാരുടെ ഊരായ്മക്ഷേത്രങ്ങളാണ് തോളൂര്‍ വിഷ്ണുക്ഷേത്രവും പോന്നാര്‍ ശിവക്ഷേത്രവും തോളൂര്‍ പിഷാരിയേക്കല്‍ ക്ഷേത്രവും. ഇവിടുത്തെ ഭൂമിയുടെ സിംഹഭാഗവും ഈ ജന്മികുടുംബം വെച്ചനുഭവിച്ചിരുന്നു. കൊച്ചിരാജാവിന്റെ ഭരണകാര്യങ്ങളില്‍ പങ്കുവഹിച്ചിരുന്നതായി പറയപ്പെടുന്ന നമ്പ്യാന്മാര്‍ എന്ന കൂട്ടരും ഈ പ്രദേശവാസികളായിരുന്നു.

പഴയ കൊച്ചിരാജ്യം ഉണ്ടായിരുന്ന കാലത്തുതന്ന തോളൂര്‍ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. അക്കാലത്ത് നാട്ടുപ്രമാണിമാരും ജന്മികളും മാത്രമായിരുന്നു പഞ്ചായത്തുമെമ്പര്‍മാരായും പ്രസിഡന്റുമാരായും സര്‍ക്കാരിനാല്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്.

1874-ല്‍ സ്ഥാപിതമായ പറപ്പൂര്‍ സെന്റ് ജോണ്‍സ് എല്‍.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം. എടക്കളത്തൂര്‍ ശ്രീകൃഷ്ണവിലാസം എല്‍.പി.സ്ക്കൂള്‍ സ്ഥാപിച്ചത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. ചിറ്റിലപ്പള്ളി വില്ലേജുകോടതിയുടെ ആസ്ഥാനം പറപ്പൂരില്‍ ആയിരുന്നു. പറപ്പൂരിനേയും ചിറ്റിലപ്പള്ളിയേയും ബന്ധിപ്പിക്കുന്ന മുള്ളൂര്‍ കായല്‍ പാലത്തിന്റേയും റോഡിന്റേയും നിര്‍മ്മാണം 1921-ലും, പോന്നാര്‍ നിന്ന് എടക്കളത്തൂര്‍ക്കുള്ള പുത്തന്‍വെട്ടുവഴി എന്നറിയപ്പെട്ടിരുന്ന റോഡിന്റെ നിര്‍മ്മാണം 1945-ലും നടന്നു. പഞ്ചായത്തിലെ മേഞ്ചിറ പാടശേഖരത്തില്‍ നിന്നാരംഭിച്ച് ചെല്ലിപ്പാടത്തുകൂടെ തോളൂര്‍ ദേശത്തെ കുറുകെ പിളര്‍ന്ന് കടന്നുപോകുന്ന കാളിപ്പാടം തോടിന്റെ നിര്‍മ്മാണം 1951-ലും തോളൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ സ്ഥാപനം 1963-ലുമാണ് നടന്നത്. കൊച്ചി രാജാക്കന്മാരുടെ രാജ്യഭരണം നിലനിന്നിരുന്ന കാലത്ത് കൊച്ചി ലെജിസ്ളേറ്റീവ് കൌണ്‍സിലിലേക്ക് ഈ പഞ്ചായത്തിലെ കെ.പി.ജോസഫിനെ എം.എല്‍.എ ആയി തെരഞ്ഞെടുത്തിരുന്നു.
വിവരണം
തോളൂര്‍ - 2010
പഴയ കൊച്ചിരാജ്യം ഉണ്ടായിരുന്ന കാലത്തു തന്നെ തോളൂര്‍ പഞ്ചായത്ത് നിലവിലുണ്ടായിരുന്നു. നാട്ടുപ്രമാണിമാരില്‍ നിന്ന് പഞ്ചായത്ത് മെമ്പര്‍മാരെയും പ്രസിഡന്റിനെയും സര്‍ക്കാര്‍ നോമിനേറ്റു ചെയ്യുന്ന പതിവായിരുന്നു ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. പിന്നീട് പട്ടയദാരന്‍മാരായ ജന്‍മികളില്‍ നിന്നും മെമ്പര്‍മാരെ തെരഞ്ഞെടുക്കുന്ന രീതി നിലവില്‍ വന്നു. ഇന്ത്യയില്‍ ജനകീയ ഭരണം വന്നതോടെ പഞ്ചായത്തില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നു. 17.2 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് കൈപ്പറമ്പ്, കണ്ടാണശ്ശേരി പഞ്ചായത്തുകള്‍, കിഴക്ക് കൈപ്പറമ്പ്, അടാട്ട് പഞ്ചായത്തുകള്‍, തെക്ക് അടാട്ട്, മുല്ലശ്ശേരി പഞ്ചായത്തുകള്‍, പടിഞ്ഞാറ് വടക്കാഞ്ചേരി പുഴ എന്നിവയാണ്. 17868 വരുന്ന ജനസംഖ്യയില്‍ 9,059 പേര്‍ സ്ത്രീകളും 8,809 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 98% ആണ്.

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പ്രദേശമാണ് തോളൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ വടക്ക് നിന്ന് തെക്കോട്ട് വടക്കാഞ്ചേരി പുഴ ഒഴുകുന്നു. തെക്കും കിഴക്കും ഭാഗങ്ങള്‍ കോള്‍നിലങ്ങളാണ്. കോള്‍ നിലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പീച്ചി ഇറിഗേഷന്‍ കനാലുകളും ജലസ്രോതസ്സുകളും സാമാന്യം നന്നായി ലഭിക്കുന്ന മഴയും പഞ്ചായത്തിന്റെ ജലസമ്പത്തിനെ സമൃദ്ധമാക്കുന്നു. പഞ്ചായത്തിലെ പ്രധാന കൃഷി നെല്ലാണ്. തെങ്ങ്, വാഴ, കവുങ്ങ് എന്നിവയാണ് പഞ്ചായത്തില്‍ ചെയ്തുവരുന്ന മറ്റു പ്രധാന കൃഷികള്‍. പഞ്ചായത്തിലൂടെ ഒഴുകുന്ന കേച്ചേരിപ്പുഴയും പഞ്ചായത്തിലെ 26 കുളങ്ങളും പ്രധാന ജലസ്രോതസ്സുകളാണ്. മുഖ്യമായും കാര്‍ഷിക മേഖലയായ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്ത് തെക്കുവടക്കായി കിടക്കുന്ന മുള്ളൂര്‍ കായലും കെ.എല്‍.ഡി.സി കനാലും പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള കേച്ചേരിപ്പുഴയും മുഖ്യകുടിനീര്‍ സ്രോതസ്സുകളാണ്. 21 പൊതുകിണറുകളും 121 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. 1027 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് രാത്രികാലങ്ങളില്‍ പഞ്ചായത്ത് വീഥികള്‍ സഞ്ചാരയോഗ്യമാക്കുന്നു.

തോളൂര്‍കുന്ന്, മുള്ളൂര്‍കുന്ന് എന്നിവയാണ് ഇവിടുത്തെ പ്രധാന കുന്നുകള്‍. പ്രാദേശിക വിനോദസഞ്ചാരത്തിന് സാധ്യതയുള്ള പ്രദേശങ്ങളാണ് പഞ്ചായത്തിലെ അയിനിക്കാട് തുരുത്ത്, ചോരോതപ്പുഴയോരം എന്നിവ. വിദേശയാത്രക്കായി പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയാണ്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ബസ് ഗതാഗതത്തിനായി പഞ്ചായത്തുനിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത ബസ്സ്റ്റാന്റ് തൃശ്ശൂര്‍ ബസ്സ്റ്റാന്റാണ്.

പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള മുള്ളൂര്‍ക്കായല്‍-പറപ്പൂര്‍ റോഡ്, പറപ്പൂര്‍ കൈപ്പറമ്പ് റോഡ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന റോഡുകള്‍. പഞ്ചായത്തിലെ മറ്റൊരു പ്രധാന റോഡാണ് പോന്നാര്‍ എടക്കളത്തൂര്‍ മുക്കോല റോഡ്. ഇവ കൂടാതെ പഞ്ചായത്ത് റോഡുകളും ഗതാഗതത്തില്‍ പങ്കുവഹിക്കുന്നു. പഞ്ചായത്തിലുള്ള രണ്ടു പ്രധാന പാലങ്ങളാണ് മുള്ളൂര്‍ക്കായല്‍ പാലവും ചോരോതപ്പാലവും.

1965 ആഗസ്റ്റ് 15-ാം തിയതി കേരളത്തിലെ ആദ്യത്തെ വൈരക്കല്‍ കമ്പനി പോന്നാറില്‍ സ്ഥാപിതമായി. പി.കെ.ശങ്കുണ്ണിയായിരുന്നു കമ്പനിയുടെ സ്ഥാപകന്‍. 1970 കളില്‍ തോളൂര്‍ പഞ്ചായത്തായിരുന്നു കല്ലുര വ്യവസായത്തിന്റെ കേന്ദ്രം. യാത്രാസൌകര്യത്തിന്റെയും വാര്‍ത്താവിനിമയ സൌകര്യങ്ങളുടെയും കുറവുമൂലം ഈ വ്യവസായം അടുത്ത പഞ്ചായത്തായ കൈപ്പറമ്പിലേക്കുമാറി. 43 കമ്പനികളും 2060 തൊഴിലാളികളും ഉണ്ടായിരുന്ന ഈ മേഖലയില്‍ ഇന്ന് വ്യവസായം നാമമാത്രമാണ്. ചെറുകിട വ്യവസായങ്ങളില്‍ വെളിച്ചെണ്ണ ഉത്പാദനം, അടയ്ക്കാ സംഭരണം, സോഡാ നിര്‍മ്മാണം, പ്രിന്റിംഗ് പ്രസ്, കാപ്പിപ്പൊടി സംസ്കരണം എന്നിവ പഞ്ചായത്തിലുണ്ട്. ബേക്കറി, ആയുര്‍വേദ മരുന്ന് നിര്‍മ്മാണം, ഹോളോബ്രിക്സ് നിര്‍മ്മാണം, അലുമിനിയം, പി.വി.സി ഡോര്‍ നിര്‍മ്മാണം എന്നീ ഇടത്തരം വ്യവസായങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പരമ്പരാഗത തൊഴിലായ അടയ്ക്കാവെട്ടില്‍ ഏര്‍പ്പെടുന്നവരും പഞ്ചായത്തിലുണ്ട്. പഴയ ചന്തയില്‍ ഒരു പെട്രോള്‍ ബങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ പൊതുവിതരണ മേഖലയില്‍ 6 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും രണ്ടു നീതി മെഡിക്കല്‍ സ്റ്റോറുകളും പഞ്ചായത്തിലെ പൊതുവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംവിധാനങ്ങളാണ.

പറപ്പൂരാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം.ഗ്രാമപഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ളക്സ് പറപ്പൂരില്‍ പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ രണ്ടു സ്വകാര്യ ഷോപ്പിംഗ് കോംപ്ളക്സുകളും പഞ്ചായത്തിലുണ്ട്.

പറപ്പൂര്‍ സെന്റ് ജോണ്‍ ഫെറോന പള്ളി മാര്‍ക്കറ്റാണ് പഞ്ചായത്തിലെ പ്രധാന മാര്‍ക്കറ്റ്. പഴയകാലത്ത് പറപ്പൂരില്‍ ഒരു ചന്ത ഉണ്ടായിരുന്നു. ഇന്ന് ആ സ്ഥലം പഴയ ചന്ത എന്നറിയപ്പെടുന്നു. ഹിന്ദു മുസ്ളീം ക്രൈസ്തവ വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് തോളൂര്‍ പഞ്ചായത്ത്. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ചാലക്കല്‍ പെരിഞ്ചാല ശിവക്ഷേത്രം, ആയിരംകാവ് ക്ഷേത്രം, അയിനിക്കാട് ക്ഷേത്രം തുടങ്ങി 9 ക്ഷേത്രങ്ങളും എടക്കളത്തൂര്‍ സെന്റ് മേരീസ് പള്ളി, പറപ്പൂര്‍ പള്ളി, പോന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളി തുടങ്ങിയ ക്രിസ്ത്യന്‍ പള്ളികളും പറപ്പൂരില്‍ ഒരു മുസ്ളീം പള്ളിയും പഞ്ചായത്തില്‍ ഉണ്ട്. ആയിരംകാവ് പൂരം, നാഗത്താന്‍കാവ് ആയില്യം മഹോത്സവം, എടക്കളത്തൂര്‍ കാര്‍ത്യായനി ക്ഷേത്രം പൂരം, ശേഖരന്‍ കാവ് പൂരം, മുള്ളൂര്‍ പൂരം എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. പറപ്പൂര്‍, പോന്നാര്‍, എടക്കളത്തൂര്‍ പള്ളിപ്പെരുന്നാളുകളും പഞ്ചായത്തില്‍ ആഘോഷിക്കപ്പെടുന്നു. കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേര്‍ ഈ പഞ്ചായത്തിലുണ്ട്. 1995-ല്‍ തൃശ്ശൂര്‍ അതിരൂപതാ ബിഷപ്പായിരുന്ന ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കുണ്ടുകുളം പഞ്ചായത്തിലെ മഹനീയ വ്യക്തിത്വമായിരുന്നു.

കേരളത്തിലെ ആദ്യത്തെ വൈരക്കല്‍ കമ്പനി പോന്നാറില്‍ സ്ഥാപിച്ച പി.കെ.ശങ്കുണ്ണി, കൊച്ചിന്‍ പ്രജാസഭയില്‍ അംഗമായിരുന്ന കെ.പി.ജോസഫ്, സ്വാതന്ത്ര്യസമര സേനാനി കെ.പി.ലോനപ്പന്‍ ആച്ചാട്ട് എന്നിവര്‍ തോളൂര്‍ നിവാസികളായിരുന്നു.

വ്യവസായിയും വി.ഗാര്‍ഡ് സ്ഥാപകനുമായ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി, ഫുട്ബോള്‍താരം സി.വി.പാപ്പച്ചന്‍, മുന്‍ എം.എല്‍.എ. എന്‍.ആര്‍.ബാലന്‍ എന്നിവരും തോളൂര്‍ പഞ്ചായത്തിലെ പ്രശസ്തരായ വ്യക്തികളാണ്. പഞ്ചായത്തിന്റെ കലാകായിക സാംസ്കാരിക മേഖലയ്ക്ക് പ്രോത്സാഹനമായി നിരവധി കലാകായിക സമിതികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മുള്ളൂര്‍ കാളിദാസ കലാവേദി, പറപ്പൂര്‍ ഫുട്ബോള്‍ അസോസിയേഷന്‍, തോളൂര്‍ ദൃശ്യകലാലയം, എടക്കളത്തൂര്‍ ദേശാഭിമാനി ക്ളബ് തുടങ്ങി 18 കലാകായിക സാംസ്കാരിക സംഘടനകള്‍ പഞ്ചായത്തില്‍ നിലവിലുണ്ട്.

ആരോഗ്യപരിപാലനരംഗത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. തോളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഉപകേന്ദ്രമായ എടക്കളത്തൂര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവയാണ് പ്രാഥമിക ചികില്‍സാ സൌകര്യം ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍. തോളൂര്‍ പഞ്ചായത്ത് ഹോമിയോ ആശുപത്രി എടക്കളത്തൂര്‍ പ്രവര്‍ത്തിക്കുന്നു. ഒരു ആയുര്‍വേദ ആശുപത്രിയും തോളൂര്‍ പഞ്ചായത്തിലെ ആരോഗ്യ പരിപാലനരംഗത്തുണ്ട്. അമല ഹോസ്പിറ്റല്‍, പാവറട്ടി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സ് സേവനം പഞ്ചായത്തില്‍ ലഭ്യമാണ്. മൃഗസംരക്ഷണരംഗത്ത് സര്‍ക്കാര്‍ മൃഗാശുപത്രി പറപ്പൂരില്‍ പ്രവര്‍ത്തിക്കുന്നു. തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളും, സ്വകാര്യ മേഖലയിലുള്ള 6 വിദ്യാലയങ്ങളുമാണുള്ളത്. മുള്ളൂരില്‍ ഒരു സര്‍ക്കാര്‍ എല്‍.പി.സ്ക്കൂളും, പോന്നാറില്‍ ഒരു സര്‍ക്കാര്‍ യു.പി.സ്ക്കൂളും പ്രവര്‍ത്തിക്കുന്നു. സ്വകാര്യ മേഖലയില്‍ 3 എല്‍.പി.സ്ക്കൂളും ഒരു യു.പി.സ്ക്കൂളും ഒരു ഹൈസ്ക്കൂളും പഞ്ചായത്തിലുണ്ട്. പോന്നാര്‍ ഒരു ഇംഗ്ളീഷ് മീഡിയം സ്ക്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ജെ.ബി.കോണ്‍വെന്റ്, നിര്‍മലസദന്‍, എടക്കളത്തൂര്‍ പള്ളിക്കുകീഴിലുള്ള അഗതി മന്ദിരം എന്നിവയാണ് പഞ്ചായത്തിലുള്ള അഗതി മന്ദിരങ്ങള്‍. ശാന്തി മന്ദിരം, പകല്‍ വീട്, ഗുഡ്ഷെപ്പേര്‍ഡ് എന്നീ വൃദ്ധസദനങ്ങളും പഞ്ചായത്തിലെ സാമൂഹ്യസേവന രംഗത്തുണ്ട്. പറപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് പഞ്ചായത്തിലെ സഹകരണ മേഖലയിലെ പ്രധാന സ്ഥാപനം. ഇതിന്റെ ശാഖകള്‍ എടക്കളത്തൂര്‍, പോന്നാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ ഒരു ശാഖയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുള്ളൂര്‍ ഗ്രാമീണ വായനശാല, പോന്നാര്‍ ഗ്രാമീണ വായനശാല, പറപ്പൂര്‍ ഗ്രാമീണ വായനശാല, എടക്കളത്തൂര്‍ ദേശീയ വായനശാല, എടക്കളത്തൂര്‍ ദേശാഭിമാനി പബ്ളിക് ലൈബ്രറി എന്നിവയാണ് പഞ്ചായത്തിന്റെ വായനാലോകത്തെ സമ്പന്നമാക്കുന്നത്.

പോന്നാറില്‍ ഗ്രാമപഞ്ചായത്ത് വക കമ്മ്യൂണിറ്റിഹാള്‍ പ്രവര്‍ത്തിക്കുന്നു. ഒരു കല്യാണ മണ്ഡപവും പഞ്ചായത്തിലുണ്ട്. പറപ്പൂരാണ് വൈദ്യുതി ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സെന്റ് ജോണ്‍സ് മാര്‍ക്കറ്റ്, ശാന്തിമന്ദിരം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന സ്വകാര്യ സ്ഥാപനങ്ങള്‍. പറപ്പൂരും പോന്നാറുമാണ് വില്ലേജ് ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നത്. കാര്‍ഷിക രംഗത്തെ സേവനങ്ങള്‍ക്കായി പറപ്പൂര്‍ ഒരു കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറപ്പൂര്‍, എടക്കളത്തൂര്‍, പോന്നാര്‍, തോളൂര്‍ എന്നിവിടങ്ങളില്‍ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറപ്പൂരില്‍ ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും പ്രവര്‍ത്തിക്കുന്നു.

Map of Parappur Thrissur